Posts in Books

Nadia Murad | നാദിയ മുറാദ്

നാദിയ മുറാദ്, സമാധാനത്തിനുള്ള 2018 ലെ നോബൽ നേടിയ ഇറാഖിയൻ യസീദി വനിത. ISIS എന്ന മത ഭീകര സംഘടന തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമകളാക്കിയ അനേകായിരം പെൺ കുട്ടികളിൽ ഒരാൾ. രക്ഷപെട്ടു വന്നശേഷം തന്നെപോലെ സാംസ്കാരിക അധിനിവേശത്തിനു ഇരകളായവരുടെ നാവായി മാറിയവൾ. നിരന്തരമായ ലൈംഗിക അതിക്രമങ്ങൾക്കും ബലാത്സങ്ങൾക്കും അപ്പുറവും തകർക്കപ്പെടാതെ കൂട്ടിവെച്ചത് തന്നെപ്പോലുള്ള ആയിരങ്ങളുടെ, മരിച്ചുപോയ കൂടപ്പിറപ്പുകളുടെ യാതനകൾക്ക് നീതി നേടിയെടുക്കാനുള്ള കനലാണ്.

പൊതുവിൽ ലിംഗഭേദമില്ലാതെ ചിന്തിക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്നാലും പുരുഷന്മാരെ ഓർത്ത് എനിക്ക് ലജ്ജ തോന്നി. രാജ്യത്തിന്റെ മേലുള്ള അധികാരം സ്ഥാപിക്കുന്ന പോലെ തന്നെയോ അതിലും നികൃഷ്ടമായ ഒന്നായിട്ടോ കാണേണ്ടവയാണ് നൂറ്റാണ്ടുകളായിട്ട് പുരുഷന്മാർ യുദ്ധ വിനോദമായിട്ട് ചെയ്തു പോരുന്ന ബലാത്സംഗങ്ങളും. 21ആം നൂറ്റാണ്ടിൽ ആളുകളെ അടിമകളാക്കി വെക്കുക, അതും ലൈംഗിക അടിമകൾ നമ്മൾക്കു ചിന്തിക്കാൻ പറ്റുന്ന കാര്യമാണോ. ചിലപ്പോൾ ഇതും നമുക്കൊന്നും സംഭവിക്കാൻ സാധ്യത ഇല്ലാത്ത ഒന്നായി കാണാനാണെങ്കിൽ നെറ്ഫ്ലിക്സിൽ ലേല കണ്ടുനോക്കുക.

ഒറ്റവെടികൊണ്ട് മരിച്ചുപോയവർ എത്രഭാഗ്യവാന്മാർ എന്നു നാദിയയെ കൊണ്ട് ചിന്തിപ്പിക്കാൻ മാത്രം സ്വത്വത്തെ നശിപ്പിക്കാൻ കൂടിയുള്ളതാവുന്നു ലൈംഗിക അതിക്രമങ്ങൾ.

സെമിറ്റിക് മതങ്ങൾക്കും മുൻപേ നിലനിന്നിരുന്ന ഒരു സാംസ്‌കാരിക തുടർച്ചയായ ഗോത്രവർഗമാണ് യസീദികൾ. പാർവതിയുടെ air lift സിനിമ കാണുമ്പോഴാണ് യസീദികളെ isis എത്രമാത്രം വേട്ടയാടിയിരുന്നു എന്നതിന്റെ ഒരു സൂചന കിട്ടിയിരുന്നത്.

മതവും സംസ്കാരവും തമ്മിലുള്ള വെത്യാസവും ഞാൻ മനസിലാക്കിയത് നാദിയയുടെ കുറിപ്പുകളിലൂടെ ആയിരുന്നു. സംസ്കാരം, നൂറ്റാണ്ടുകള്കൊണ്ട് എല്ലാവരെയും ഉൾകൊള്ളാൻ സ്വയം പാകപ്പെട്ടുവന്നതാണ്. എന്നാൽ മതം, പ്രത്യേകിച്ച് പുസ്തകങ്ങൾ ഉള്ളവരുടെ മതങ്ങൾ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള ഒരു വൈകുന്നേരത്തിൽ കുടുങ്ങി കിടക്കുകയാണ്. ഒരിക്കലും നവീകരിക്കപെടാൻ പാടില്ലാത്ത , അടിമത്തത്തിലും ചുരുക്കം ചില മനുഷ്യരുടെ അധികാരത്തിനും മാത്രം വളം വെക്കാൻ ഉതകുന്ന 101% സ്ത്രീവിരുദ്ധമായവ.

അവയിൽ നിന്നെല്ലാം തുടങ്ങി വന്നവയാണ് ഇന്നത്തെ സംസ്കാരങ്ങളെല്ലാം എങ്കിലും അവയെല്ലാം തുടങ്ങിയവയിൽ നിന്ന് ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു. മതങ്ങളിലെ നിരന്തരം നവീകരിക്കപ്പെട്ടുവന്ന സംസ്കാരങ്ങളാണ് പ്യൂരിഫിക്കേഷൻ അഥവാ ശുദ്ധീകരണം എന്നു പറഞ്ഞു വരുന്ന മത ഭീകരർ ഒരൊറ്റനിമിഷത്തിൽ റദ്ദ് ചെയ്യാൻ ശ്രമിക്കുന്നത്. ഇന്ത്യയിലെ ഹിന്ദു മത മൗലിക വാദികളും ഐസിസ് അടക്കമുള്ള മുസ്ലിം മത മൗലികളും എല്ലാം ഒരേ നാണയത്തിന്റെ ഇരുപുറങ്ങൾ മാത്രമാണ്.

അഫ്ഘാനിലും, ഇറാഖിലും ഇറാനിലും ലോക പൈതൃക നഗരങ്ങൾ പലതും ഇന്നില്ല . മനുഷ്യൻ എഴുതാൻ പഠിച്ചതും, വളർച്ചയുടെ അടിസ്ഥാനമായ ചക്രങ്ങൾ കണ്ടുപിടിക്കപെട്ടതും എല്ലാത്തിനും സാക്ഷ്യം വഹിച്ച സംസ്കാരങ്ങളും, അടയാളങ്ങളും നശിപ്പിക്കപ്പെട്ടിരിക്കുന്നു.

പണ്ട് കൈറ്റ് റണ്ണർ വായിച്ചപ്പോൾ, നിഴൽ വീണ രാത്രികൾ വായിച്ചപ്പോൾ ഉള്ളിലാഞ്ഞ അസ്തിത്വംവും പിറന്ന മണ്ണും സംസ്കാരവും നഷ്ടപെട്ട ജനതയുടെ ശബ്ദം തൊണ്ടയിൽ കുടുങ്ങുന്ന പോലെ.

നാദിയയുടെ കണ്ണുകളിലേക്ക് നോക്കാൻ നമ്മൾ ഇനിയും ഒരുപാട് പാപനാശിനികൾ കടക്കേണ്ടിരിക്കുന്നു.

Book cover about nadia murad